Sunday, September 19, 2021

മൃതി

 മൃതി




വയ്യപ്പപ്പണിക്കരുടെ തറവാട്
പൂച്ചട്ടികളിൽ വിരിഞ്ഞ ഫലിതപൂക്കൾ .
ഉമ്മറത്തെ
ചാരുകസേരയിൽ
യോഗനയനങ്ങളുമായി
ഉറങ്ങുകയെന്നോ
ധ്യാനിക്കുകയെന്നോ
തിരിച്ചറിയാനാവാത്ത
രണ്ടു കണ്ണുകൾ.
ഒന്നിൽ 
കർപ്പൂരസന്ധ്യ
മറ്റൊന്നിൽ 
കാവാലം കുരുവികൾ .


മണിക്കിണറിനരികിൽ
മരംകോച്ചുന്ന തണുപ്പിലും
ആരോ ഒരാൾ
ഉന്മാദചിത്തയായി
കുളിക്കുന്നുണ്ടായിരുന്നു.

മരംകൊത്തികൾ 
കുത്തിവരിഞ്ഞ
പാളപ്പടം പൊഴിച്ചിട്ട
കമുകിൻ
കൂട്ടങ്ങളായിരുന്നു
അതിരുകാത്തത്.

അവിടേക്കാണ്;
കവി അയ്യപ്പനും
സ്വാമി അയ്യപ്പനും
പുലയനയ്യപ്പനും
കയറിവന്നത്.


അയ്യപ്പനറിയേണ്ടത്,
ചെമ്പനീർപ്പൂവിന് 
പോറ്റിയെഴുതിയ
കുറിപ്പിനെ കുറിച്ചായിരുന്നു.
ശരണംവിളിയും മാമലകളും കോർത്തുകെട്ടിയ നിഴൽമാലയുമായാണ്
സ്വാമിയുടെ വരവ്.
സഹോദരനാകെ അസ്വസ്ഥനായിരുന്നു.
തോറ്റുമുറിഞ്ഞവന്റെ
ചുവപ്പായിരുന്നു മുഖത്ത് .

വയ്യപ്പനുചുറ്റും
മൂന്നുപേരും ഇരുന്നു.
ദീക്ഷതടവാതെ,
നയനം മുറിക്കാതെ,
ചോദ്യം കേൾക്കാതെ,
മാലവാങ്ങാതെ,
ഭാവം മാറാതെയങ്ങനെ;
അടർന്നടരാത്ത 
കണ്ണുനീർ തുള്ളിയിൽ,
കർപ്പൂര സന്ധ്യയും
കാവാലം കുരുവികളും
പകർന്നാടിയ വർണ്ണങ്ങൾ .


മഹാഗുരു;
അപ്പോഴേക്കും
കൂട്ടംതെറ്റിയ 
അടയ്ക്കാകുരുവിയെപ്പോലെ
ചകിതചിത്തനായി
ഒറ്റയ്ക്കു 
പറന്നു പോയിരുന്നു.

Saturday, June 26, 2021

കെട്ട്

കെട്ട് 

വില്ക്കാത്ത കവിതകളുടെ കെട്ട് 

നാട്ടുകാരറിഞ്ഞ നഷ്ടം

കൂട്ടുകാരുടെ പരിഹാസം

പത്രസുഹൃത്തുക്കളുടെ ചിരി

കൂട്ടുകാരിയുടെ നോവ്

പെങ്ങളുടെ ചീർപ്പ്

അച്ഛന്റെ പുശ്ചം

അമ്മയുടെ നെടുവീർപ്പ്

കിലോയ്ക്ക് മുന്നെന്ന് ഉറപ്പിച്ച്

ആകെ ഒരു ചിരി

ആക്രികാരനിൽ ആയിരുന്നു

മുപ്പതുരൂപയുമായി വന്നു കയറിയ എനിക്ക്

കവിതമുഴുവൻ വിറ്റുപോയ ഒരുവന്റെ

ആനന്ദകണ്ണീർ .....

Wednesday, July 24, 2019


മഷി 




ഓർമ്മമഷി പേനകൾ തോറും
തീരാമഴവില്ല്.
ഓളങ്ങൾ ഇമവെട്ടുന്നൊരു
ചോക്കിൻ വട്ടത്ത്.
കിന്നാരം ചൊല്ലി അലഞ്ഞൊരു
സ്‌കൂളിൻ മുറ്റത്ത് .
പയ്യാരം പാടി ഇരുന്നൊരു
ബെഞ്ചിൻ അറ്റത്ത്.
ഇണപിരിയാ കിളികൾ പറന്നൊരു
കലോത്സവ തീരത്ത്.
ഓർമകളിൽ മധുരം നിറയും
ക്ലാസ്സിൻ ഓരത്ത്.
ജീവിതവഴി വെട്ടിവരച്ചൊരു -
വീഥി പിരിഞ്ഞവർ നാം.
ഒരുവട്ടം കാണാം കൂടാം
ഇടനെഞ്ചിൻവക്കത്ത് . 

Friday, April 5, 2019

ലൈറ്റർ
കൈലാസ് തോട്ടപ്പള്ളി


നാലുവരിപ്പാതയുടെ
അരികുചേർന്ന്
ഉരുളുകയാണ് 

ബുള്ളറ്റിന്റെ വീലുകൾ.
കനവിലെ
കിതപ്പിൽ
അവളൊന്നിച്ചുള്ള
ടിക്ടോക്.
എനിക്ക് മുന്നിൽ
ആകാശത്തായ്
രാത്രിയാത്രയിൽ
പുകഞെരിഞ്ഞ

ജറ്റുവിമാനം.



പോക്കുവഴിനീളെ
ദാഹങ്ങൾ കൂട്ടിമുട്ടുകയും
ഉമിനീർച്ചാലുകൾ
ഒന്നിച്ചൊഴുകുകയും
കണ്ണുകൾതോറും
നാവിൻതുമ്പാൽ വാലിട്ടെഴുതുകയും
നെഞ്ചിലെ മിഴികളിൽ
ഭൂമിവരക്കുകയും ചെയ്തുകൊണ്ടേയിരുന്നു..
കുതറിപ്പിടഞ്ഞോടിയ
തുമ്പിനറ്റംപറ്റി
പടർന്നൊഴുകുകകൂടി..


പിന്നെയും
കുതികുതിച്ചൊരുയാത്ര

പുലർച്ചെയെത്തണം.
പൂതിപുതപ്പിച്ച്
നൃത്തംവെക്കണം.
കലപിലകൂട്ടി
പഴികൾ തീർക്കണം.

എത്തിയപ്പോഴേക്കും.,
മാനത്ത്
തിരിഞ്ഞു പറക്കുന്ന
പുകഞ്ഞജെറ്റ്.
കരിഞ്ഞമാറിന്റെ ചൂര്
വെന്തുവിടർന്ന കാലുകൾ.

ചുംബിക്കാനാഗ്രഹിച്ച
കരിഞ്ഞുണങ്ങിയ ചുണ്ടുകൾ.
അരികിലായ്
ഹൃദയം നിലച്ച

ഒരിളം നീല ലൈറ്റർ.
പൂർവ്വകാമുകന്റെ
സ്നേഹസമ്മാനം.

തുടിച്ചുനീട്ടാനും

അടക്കിപിടിക്കാനും
ചവർക്കുമ്പോൾ
തുപ്പാനും
ആവുന്നയൊന്നാണ്
പ്രണയമെന്ന്
അവനോടാരാവും
ഒന്നു പറയുക.

Monday, September 28, 2015

'ലോറി പുരാണം'

കൈലാസ് തോട്ടപ്പള്ളി
"""""""""""""""""""""""""""""""""""""'

കുതിച്ചു പായുന്ന
ടിപ്പറിനെ നോക്കി
നിങ്ങൾ തന്തക്ക് വിളിച്ചത്
എന്റെ അച്ഛനെയായിരുന്നു.
വേദനയെ
വേഗതകൊണ്ട്
കുറച്ചാൽ മാത്രം
കിട്ടുന്നൊരു
സൂത്രവാക്യമായിരുന്നു
ഞങ്ങളുടെ ജീവിതം.

പേസ്റ്റും കൊതുകുതിരിയും
വീട്ടുസാമാനങ്ങളും
പട്ടികനിരത്തിയ
ഇരുന്നൂറ് പേജിന്റെ
നോട്ടുബുക്കുകളായിരുന്നു
അച്ഛന്റെ
കണക്കു പുസ്തകം.
പലതരം മഷികളിൽ
ജീവിതത്തിന്റെ
വാർഷികപുസ്തകങ്ങൾ.

കടുത്ത വിശ്വാസിയായിരുന്നു
സ്റ്റിയറിങ്ങിന്റെ വളയത്തിൽ
നമസ്കരിക്കുകയും
എന്തോ പിറുപിറുത്ത്
വീണ്ടും തൊടുന്നതും
എപ്പോഴും കാണാമായിരുന്നു.
കത്തിച്ചുവെച്ച
സൈക്കിൾബർത്തിയുടെ
ചെറിയ ചുരുളുകൾ
നിവരുമ്പോഴേക്കും
വറീതിക്കായുടെ
മകന്റെ പേരിലുള്ള
'മാശാ അള്ളാഹ്'
കമ്പിത്താവളം
കഴിഞ്ഞിട്ടുണ്ടാവും.

നിറയെ വെട്ടുകല്ലുമായി
തിരിക്കുന്ന
മൂന്നാമത്തെ
ട്രിപ്പിനായിരുന്നു
തെറിമുഴുവനെന്ന്
അമ്മയോട്
പറയാറുമുണ്ടായിരുന്നു.
തിരക്കോട് തിരക്കാവുമത്രേ
അപ്പോഴേക്കും റോഡിൽ.
വണ്ടിയിൽ കയറുന്ന
ദിവസങ്ങളിൽ
അശ്രദ്ധയോടെ
റോഡിൽക്കൂടി
സ്കൂളിലേക്ക്
പോകുന്നവരെകാണിച്ച്
ചിലപ്പോഴൊക്കെ
ശകാരിക്കാറുമുണ്ടായിരുന്നു.

ഒരുദിവസം
ഉച്ചയാവും മുമ്പ്
കോളേജിൽ പതിവില്ലാതെ
മാമ്മന്റെ ജീപ്പു വന്നു
പിന്നെയൊന്നും
പറയാനാവില്ലെനിക്ക്.

വറീതിക്കാന്റെ മകൻ
അന്ന്
കൂട്ടികൊണ്ടുവന്നതാണ്

റേഷൻ
പീടികയിൽ.
അച്ഛനെഴുതാറുള്ളതുപോലെ
ഇരുന്നൂറു പേജിന്റെ
മൂന്നു
വലിയ
ബുക്കുകളുണ്ടിവിടെ.,
പലതരം
മഷികളും!!

ഇപ്പോൾ ഞാനിതെല്ലാം
പഠിച്ചിരിക്കുന്നു.

വീട്ടിലേക്ക്
പോകുന്നവഴിക്ക്
കുതിച്ചു പായുന്ന
ടിപ്പറുകൾ കാണുമ്പോൾ
എനിക്ക്
തെറിയൊന്നും വരാറില്ല
ഒരിററ് കണ്ണുനീർ പൊടിയും
അത്രമാത്രം.

Monday, December 8, 2014

' ള്‍ '
കൈലാസ് തോട്ടപ്പള്ളി
*************
അച്ചുപ്രസ്സിന്‍റെ മഷി പുരണ്ട
വേസ്റ്റുകള്‍ക്കിടയില്‍ നിന്നാണ്
എനിക്കൊരു 'ള്‍ കളഞ്ഞു കിട്ടിയത്
പുസ്തകസഞ്ചിയിലെ പറഞ്ഞു തയ്‌പ്പിച്ച
പോക്കറ്റിലാണ് ഞാന്‍ അവന് ഇടം നല്‍കിയതും.
തുറന്നു വെച്ച പുസ്തകത്തില്‍
പലയിടങ്ങളിലായി ചിതറിക്കിടന്ന
കുഞ്ഞു കുഞ്ഞു'ള്‍'കള്‍
കാണുമ്പോള്‍ ഉള്ളൊന്നു പിടയും
പിന്നെ കയ്യിലുള്ള വലിയ
'ള്‍' നെ വെള്ളയില്‍ ചേര്‍ത്തു വെച്ച്
ഓമനിച്ചഭിമാനിച്ച
എത്രെയെത്ര ദിവസങ്ങള്‍.

ഉറക്കത്തിലെപ്പോഴോ
വലിയ ശബ്ദത്തോടെ അക്ഷരമടിക്കുന്ന
പ്രസ്സിലേക്ക് ഓടിക്കയറി,
അടിച്ചടുക്കിയ നോട്ടീസുകളിലൊന്നെടുത്ത്
'ള്‍' കള്‍ മാത്രം
വിരലുകള്‍ കൊണ്ട്തഴുകി,
മഷി പടര്‍ത്തി പുരട്ടുന്നത്
അതിലുമേറെ ദിവസങ്ങളില്‍
സ്വപ്നം കണ്ടിട്ടുമുണ്ട് ഞാന്‍.
പ്രസ്സുകാരന്‍റെ മകളെ സ്നേഹിക്കാന്‍
ഇതൊരു കാരണമായോ
എന്നെനിക്കറിയില്ല,
പക്ഷേ ., അവള്‍ അന്നെനിക്കുതന്ന
ഉപയോഗിച്ചുപേക്ഷിച്ച 'ര' യെന്ന അക്ഷരം ,
ഒടുവില്‍:
പ്രണയം പറിച്ചെടുത്തവള്‍
കൊണ്ടുപോവുമ്പോഴും
ഞാനടക്കിപ്പിടിച്ചിരുന്നു.

വളരുന്നതിനിടയിലാണ്
അച്ചുകൂടം വീണതും!
തിരക്കൊഴിഞ്ഞതുമൊക്കെ.
കമ്പ്യൂട്ടറിനെതിരേയുള്ള
സമരദിവസങ്ങളിലെ
അവധിക്കാലത്താണ്
ടൈപ്പ് പഠിക്കാനായ് ചേര്‍ന്നത്‌.
അന്നൊരു ദിവസം
മലയാളം റൈറ്ററില്‍ ചേര്‍ത്തു വെച്ച
വെള്ളക്കടലാസുനിറച്ച്
'ള്‍' കള്‍ മാത്രം അടിച്ചതിന്
പറഞ്ഞു കേട്ട ശകാരം
പള്ളിക്കൂടം തുറക്കുംവരേയും
മുഴങ്ങുന്നുണ്ടായിരുന്നു

മനസ്സിന്‍റെ ഭിത്തിയില്‍
ആദ്യമായി കൊണ്ടുപോറിയ
ചില്ല്'ള്‍ ' ആയിരുന്നു.,
അതവ'ള്‍' മാത്രമായിരുന്നു.

ആക്രി കൊടുക്കാന്‍ വെച്ചിട്ടുപോയ
വീട്ടിലെ പഴയ ഇരുമ്പുപാത്രത്തില്‍ നിന്നാണ്
അരികു ചളുങ്ങിയ ഒരു 'ക' കിട്ടിയത് .
ഒടുവിലങ്ങനെ .,
ശേഖരത്തിലെ അച്ചക്ഷരങ്ങള്‍ മൂന്നായി !

ജീവിതം മുഴുവന്‍ നോട്ടീസടിപ്പിച്ചു
കുഴഞ്ഞ അച്ചനാണൊരിക്കല്‍ പറഞ്ഞത്
മൂന്നും '36 ' പോയിന്റാണെന്ന്;
ഞാനത് കാലമുറയ്ക്ക് ചേര്‍ത്തു വെച്ചു;

'ള്‍ ' 'ര ' 'ക'
പിന്നെ മനസ്സിന്‍റെ മഷി പുരട്ടി ഒന്നടിച്ചു പറഞ്ഞു;

' കരള്‍ '
അന്നെന്‍റെ രണ്ടു കണ്ണും നിറഞ്ഞു പോയി.
പിന്നീടൊരിക്കല്‍ .,
'കരളും' ഹൃദയവും ' സംസ്കൃതമാണെന്ന്
പറഞ്ഞു പഠിപ്പിച്ച സാറിനോട്
എനിക്കെന്തോ വെറുപ്പായിരുന്നു.

Saturday, November 15, 2014

കോമ്ബ്ലികേറ്റട്‌
കൈലാസ് തോട്ടപ്പള്ളി

***********
അവള് ഇന്നും വന്നിരുന്നു
മക്കളുമുണ്ടായിരുന്നു
രണ്ടും ആണ്‍കുട്ടികള്.
ഒരു വാക്കിനും ആശ്വസിപ്പിക്കാനൊ,
ഒരു നോട്ടത്തിനും തണലാവാനൊ,
ഒരു ചുംബനത്തിനും മധുരമേകാനൊ;
കഴിയുംവിധമായിരുന്നില്ല,
അവര് മുന്ന് പേരും.
പേരുകേട്ടുത്തുടങ്ങുന്ന
യുവകവിയുടെ ഭാര്യ;
മുന്ന് വര്ഷ കാലത്തേ പ്രണയം,
മുന്ന് വര്ഷത്തെ ജീവിതം.

സ്ത്രീയും സിനിമയും;
രതിയും കവിതയും,
ഇണപിരിഞ്ഞു നിവര്ന്നു
വീണ്ടും പിരിയുന്ന
ഡ്രില്ലര് മെഷീന്പോലെ
അവന്റെ തലച്ചോറില്
വലിയ ചുരുളന് തുളകള് വീഴ്ത്തിയിട്ടുള്ളത്
എനിക്കറിയാമായിരുന്നു.
തിരിച്ചരിഞ്ഞന്നുമുതല്,
സഹായമായി നിന്നുട്ടുള്ളതല്ലാതെ
ഉപദേശമൊന്നും നല്കിയിട്ടില്ല,
അവനതൊട്ടു ദഹിക്കുകയുമില്ല.

ഇന്നവള് വന്നത്
എഴുന്ന്ന്നുരു രൂപക്കായിരുന്നു;
ഞാനാവട്ടെ മുവായിരം രൂപ
ഭാര്യോടു കടം വാങ്ങിയതും.
ആയിരം രൂപ നല്കുമ്പോള്
കണ്മുനകൊണ്ട്
അവളൊരു തുറിച്ച നോട്ടം നോക്കി,
അതില് പൂര്ണ നഗ്നനായിരുന്നു ഞാന്.
പോവും മുനു്പ്,
കവിയെ കാണാരുണ്ടോ
എന്നാ ചോദ്യത്തിന്
പുസ്തകതതാളിലും,
ഓണ്‍ലൈനിലും
കവിത നിറച്ച ആ മുഷിഞ്ഞച്ചുണ്ടുകള്
ചുംബിക്കാന് മറന്ന രാത്രികളും,
ചിലവ് നോക്കാതെ തോല്പിച്ച പകലുകളും
ഓര്ക്കാറണ്ടെന്നാണ് പറഞ്ഞത്.
തിരിഞ്ഞിരങ്ങുമ്പോള്;
അവനോടൊത്ത്‌
ജീവിക്കാന് പാടില്ലായിരുന്നുവെന്ന
വലിയ നിരാശാബോധം
നിറഞ്ഞിരുന്നു,
പിന്നീടുള്ള
കണ്ടുമുട്ടലുകളില് ,
പറയുന്നതൊക്കെ
കേട്ടിരിക്കുന്ന
രണ്ടു ചെവികള് മാത്രമാണ്
അവള് ആഗ്രഹിച്ചതെന്നും
തോന്നിപോയിട്ടുണ്ട്,

ഇവിടെയിന്ന്,
വാര്ഷികപതിപ്പിലെ
വരികളിലുടെ
എത്ര ഉജ്ജലമായാണ്
അവള് ജീവിതം പറഞ്ഞത്,
കവിയെ സ്മരിച്ചത്‌;
പിന്നെയൊന്നും,
ഓര്ക്കാനൊ
വായിക്കാനോ;
ആയില്ലെനിക്ക്.