Monday, September 28, 2015

'ലോറി പുരാണം'

കൈലാസ് തോട്ടപ്പള്ളി
"""""""""""""""""""""""""""""""""""""'

കുതിച്ചു പായുന്ന
ടിപ്പറിനെ നോക്കി
നിങ്ങൾ തന്തക്ക് വിളിച്ചത്
എന്റെ അച്ഛനെയായിരുന്നു.
വേദനയെ
വേഗതകൊണ്ട്
കുറച്ചാൽ മാത്രം
കിട്ടുന്നൊരു
സൂത്രവാക്യമായിരുന്നു
ഞങ്ങളുടെ ജീവിതം.

പേസ്റ്റും കൊതുകുതിരിയും
വീട്ടുസാമാനങ്ങളും
പട്ടികനിരത്തിയ
ഇരുന്നൂറ് പേജിന്റെ
നോട്ടുബുക്കുകളായിരുന്നു
അച്ഛന്റെ
കണക്കു പുസ്തകം.
പലതരം മഷികളിൽ
ജീവിതത്തിന്റെ
വാർഷികപുസ്തകങ്ങൾ.

കടുത്ത വിശ്വാസിയായിരുന്നു
സ്റ്റിയറിങ്ങിന്റെ വളയത്തിൽ
നമസ്കരിക്കുകയും
എന്തോ പിറുപിറുത്ത്
വീണ്ടും തൊടുന്നതും
എപ്പോഴും കാണാമായിരുന്നു.
കത്തിച്ചുവെച്ച
സൈക്കിൾബർത്തിയുടെ
ചെറിയ ചുരുളുകൾ
നിവരുമ്പോഴേക്കും
വറീതിക്കായുടെ
മകന്റെ പേരിലുള്ള
'മാശാ അള്ളാഹ്'
കമ്പിത്താവളം
കഴിഞ്ഞിട്ടുണ്ടാവും.

നിറയെ വെട്ടുകല്ലുമായി
തിരിക്കുന്ന
മൂന്നാമത്തെ
ട്രിപ്പിനായിരുന്നു
തെറിമുഴുവനെന്ന്
അമ്മയോട്
പറയാറുമുണ്ടായിരുന്നു.
തിരക്കോട് തിരക്കാവുമത്രേ
അപ്പോഴേക്കും റോഡിൽ.
വണ്ടിയിൽ കയറുന്ന
ദിവസങ്ങളിൽ
അശ്രദ്ധയോടെ
റോഡിൽക്കൂടി
സ്കൂളിലേക്ക്
പോകുന്നവരെകാണിച്ച്
ചിലപ്പോഴൊക്കെ
ശകാരിക്കാറുമുണ്ടായിരുന്നു.

ഒരുദിവസം
ഉച്ചയാവും മുമ്പ്
കോളേജിൽ പതിവില്ലാതെ
മാമ്മന്റെ ജീപ്പു വന്നു
പിന്നെയൊന്നും
പറയാനാവില്ലെനിക്ക്.

വറീതിക്കാന്റെ മകൻ
അന്ന്
കൂട്ടികൊണ്ടുവന്നതാണ്

റേഷൻ
പീടികയിൽ.
അച്ഛനെഴുതാറുള്ളതുപോലെ
ഇരുന്നൂറു പേജിന്റെ
മൂന്നു
വലിയ
ബുക്കുകളുണ്ടിവിടെ.,
പലതരം
മഷികളും!!

ഇപ്പോൾ ഞാനിതെല്ലാം
പഠിച്ചിരിക്കുന്നു.

വീട്ടിലേക്ക്
പോകുന്നവഴിക്ക്
കുതിച്ചു പായുന്ന
ടിപ്പറുകൾ കാണുമ്പോൾ
എനിക്ക്
തെറിയൊന്നും വരാറില്ല
ഒരിററ് കണ്ണുനീർ പൊടിയും
അത്രമാത്രം.

No comments:

Post a Comment