Sunday, September 19, 2021

മൃതി

 മൃതി




വയ്യപ്പപ്പണിക്കരുടെ തറവാട്
പൂച്ചട്ടികളിൽ വിരിഞ്ഞ ഫലിതപൂക്കൾ .
ഉമ്മറത്തെ
ചാരുകസേരയിൽ
യോഗനയനങ്ങളുമായി
ഉറങ്ങുകയെന്നോ
ധ്യാനിക്കുകയെന്നോ
തിരിച്ചറിയാനാവാത്ത
രണ്ടു കണ്ണുകൾ.
ഒന്നിൽ 
കർപ്പൂരസന്ധ്യ
മറ്റൊന്നിൽ 
കാവാലം കുരുവികൾ .


മണിക്കിണറിനരികിൽ
മരംകോച്ചുന്ന തണുപ്പിലും
ആരോ ഒരാൾ
ഉന്മാദചിത്തയായി
കുളിക്കുന്നുണ്ടായിരുന്നു.

മരംകൊത്തികൾ 
കുത്തിവരിഞ്ഞ
പാളപ്പടം പൊഴിച്ചിട്ട
കമുകിൻ
കൂട്ടങ്ങളായിരുന്നു
അതിരുകാത്തത്.

അവിടേക്കാണ്;
കവി അയ്യപ്പനും
സ്വാമി അയ്യപ്പനും
പുലയനയ്യപ്പനും
കയറിവന്നത്.


അയ്യപ്പനറിയേണ്ടത്,
ചെമ്പനീർപ്പൂവിന് 
പോറ്റിയെഴുതിയ
കുറിപ്പിനെ കുറിച്ചായിരുന്നു.
ശരണംവിളിയും മാമലകളും കോർത്തുകെട്ടിയ നിഴൽമാലയുമായാണ്
സ്വാമിയുടെ വരവ്.
സഹോദരനാകെ അസ്വസ്ഥനായിരുന്നു.
തോറ്റുമുറിഞ്ഞവന്റെ
ചുവപ്പായിരുന്നു മുഖത്ത് .

വയ്യപ്പനുചുറ്റും
മൂന്നുപേരും ഇരുന്നു.
ദീക്ഷതടവാതെ,
നയനം മുറിക്കാതെ,
ചോദ്യം കേൾക്കാതെ,
മാലവാങ്ങാതെ,
ഭാവം മാറാതെയങ്ങനെ;
അടർന്നടരാത്ത 
കണ്ണുനീർ തുള്ളിയിൽ,
കർപ്പൂര സന്ധ്യയും
കാവാലം കുരുവികളും
പകർന്നാടിയ വർണ്ണങ്ങൾ .


മഹാഗുരു;
അപ്പോഴേക്കും
കൂട്ടംതെറ്റിയ 
അടയ്ക്കാകുരുവിയെപ്പോലെ
ചകിതചിത്തനായി
ഒറ്റയ്ക്കു 
പറന്നു പോയിരുന്നു.

No comments:

Post a Comment