Friday, April 5, 2019

ലൈറ്റർ
കൈലാസ് തോട്ടപ്പള്ളി


നാലുവരിപ്പാതയുടെ
അരികുചേർന്ന്
ഉരുളുകയാണ് 

ബുള്ളറ്റിന്റെ വീലുകൾ.
കനവിലെ
കിതപ്പിൽ
അവളൊന്നിച്ചുള്ള
ടിക്ടോക്.
എനിക്ക് മുന്നിൽ
ആകാശത്തായ്
രാത്രിയാത്രയിൽ
പുകഞെരിഞ്ഞ

ജറ്റുവിമാനം.



പോക്കുവഴിനീളെ
ദാഹങ്ങൾ കൂട്ടിമുട്ടുകയും
ഉമിനീർച്ചാലുകൾ
ഒന്നിച്ചൊഴുകുകയും
കണ്ണുകൾതോറും
നാവിൻതുമ്പാൽ വാലിട്ടെഴുതുകയും
നെഞ്ചിലെ മിഴികളിൽ
ഭൂമിവരക്കുകയും ചെയ്തുകൊണ്ടേയിരുന്നു..
കുതറിപ്പിടഞ്ഞോടിയ
തുമ്പിനറ്റംപറ്റി
പടർന്നൊഴുകുകകൂടി..


പിന്നെയും
കുതികുതിച്ചൊരുയാത്ര

പുലർച്ചെയെത്തണം.
പൂതിപുതപ്പിച്ച്
നൃത്തംവെക്കണം.
കലപിലകൂട്ടി
പഴികൾ തീർക്കണം.

എത്തിയപ്പോഴേക്കും.,
മാനത്ത്
തിരിഞ്ഞു പറക്കുന്ന
പുകഞ്ഞജെറ്റ്.
കരിഞ്ഞമാറിന്റെ ചൂര്
വെന്തുവിടർന്ന കാലുകൾ.

ചുംബിക്കാനാഗ്രഹിച്ച
കരിഞ്ഞുണങ്ങിയ ചുണ്ടുകൾ.
അരികിലായ്
ഹൃദയം നിലച്ച

ഒരിളം നീല ലൈറ്റർ.
പൂർവ്വകാമുകന്റെ
സ്നേഹസമ്മാനം.

തുടിച്ചുനീട്ടാനും

അടക്കിപിടിക്കാനും
ചവർക്കുമ്പോൾ
തുപ്പാനും
ആവുന്നയൊന്നാണ്
പ്രണയമെന്ന്
അവനോടാരാവും
ഒന്നു പറയുക.

No comments:

Post a Comment