Monday, December 8, 2014

' ള്‍ '
കൈലാസ് തോട്ടപ്പള്ളി
*************
അച്ചുപ്രസ്സിന്‍റെ മഷി പുരണ്ട
വേസ്റ്റുകള്‍ക്കിടയില്‍ നിന്നാണ്
എനിക്കൊരു 'ള്‍ കളഞ്ഞു കിട്ടിയത്
പുസ്തകസഞ്ചിയിലെ പറഞ്ഞു തയ്‌പ്പിച്ച
പോക്കറ്റിലാണ് ഞാന്‍ അവന് ഇടം നല്‍കിയതും.
തുറന്നു വെച്ച പുസ്തകത്തില്‍
പലയിടങ്ങളിലായി ചിതറിക്കിടന്ന
കുഞ്ഞു കുഞ്ഞു'ള്‍'കള്‍
കാണുമ്പോള്‍ ഉള്ളൊന്നു പിടയും
പിന്നെ കയ്യിലുള്ള വലിയ
'ള്‍' നെ വെള്ളയില്‍ ചേര്‍ത്തു വെച്ച്
ഓമനിച്ചഭിമാനിച്ച
എത്രെയെത്ര ദിവസങ്ങള്‍.

ഉറക്കത്തിലെപ്പോഴോ
വലിയ ശബ്ദത്തോടെ അക്ഷരമടിക്കുന്ന
പ്രസ്സിലേക്ക് ഓടിക്കയറി,
അടിച്ചടുക്കിയ നോട്ടീസുകളിലൊന്നെടുത്ത്
'ള്‍' കള്‍ മാത്രം
വിരലുകള്‍ കൊണ്ട്തഴുകി,
മഷി പടര്‍ത്തി പുരട്ടുന്നത്
അതിലുമേറെ ദിവസങ്ങളില്‍
സ്വപ്നം കണ്ടിട്ടുമുണ്ട് ഞാന്‍.
പ്രസ്സുകാരന്‍റെ മകളെ സ്നേഹിക്കാന്‍
ഇതൊരു കാരണമായോ
എന്നെനിക്കറിയില്ല,
പക്ഷേ ., അവള്‍ അന്നെനിക്കുതന്ന
ഉപയോഗിച്ചുപേക്ഷിച്ച 'ര' യെന്ന അക്ഷരം ,
ഒടുവില്‍:
പ്രണയം പറിച്ചെടുത്തവള്‍
കൊണ്ടുപോവുമ്പോഴും
ഞാനടക്കിപ്പിടിച്ചിരുന്നു.

വളരുന്നതിനിടയിലാണ്
അച്ചുകൂടം വീണതും!
തിരക്കൊഴിഞ്ഞതുമൊക്കെ.
കമ്പ്യൂട്ടറിനെതിരേയുള്ള
സമരദിവസങ്ങളിലെ
അവധിക്കാലത്താണ്
ടൈപ്പ് പഠിക്കാനായ് ചേര്‍ന്നത്‌.
അന്നൊരു ദിവസം
മലയാളം റൈറ്ററില്‍ ചേര്‍ത്തു വെച്ച
വെള്ളക്കടലാസുനിറച്ച്
'ള്‍' കള്‍ മാത്രം അടിച്ചതിന്
പറഞ്ഞു കേട്ട ശകാരം
പള്ളിക്കൂടം തുറക്കുംവരേയും
മുഴങ്ങുന്നുണ്ടായിരുന്നു

മനസ്സിന്‍റെ ഭിത്തിയില്‍
ആദ്യമായി കൊണ്ടുപോറിയ
ചില്ല്'ള്‍ ' ആയിരുന്നു.,
അതവ'ള്‍' മാത്രമായിരുന്നു.

ആക്രി കൊടുക്കാന്‍ വെച്ചിട്ടുപോയ
വീട്ടിലെ പഴയ ഇരുമ്പുപാത്രത്തില്‍ നിന്നാണ്
അരികു ചളുങ്ങിയ ഒരു 'ക' കിട്ടിയത് .
ഒടുവിലങ്ങനെ .,
ശേഖരത്തിലെ അച്ചക്ഷരങ്ങള്‍ മൂന്നായി !

ജീവിതം മുഴുവന്‍ നോട്ടീസടിപ്പിച്ചു
കുഴഞ്ഞ അച്ചനാണൊരിക്കല്‍ പറഞ്ഞത്
മൂന്നും '36 ' പോയിന്റാണെന്ന്;
ഞാനത് കാലമുറയ്ക്ക് ചേര്‍ത്തു വെച്ചു;

'ള്‍ ' 'ര ' 'ക'
പിന്നെ മനസ്സിന്‍റെ മഷി പുരട്ടി ഒന്നടിച്ചു പറഞ്ഞു;

' കരള്‍ '
അന്നെന്‍റെ രണ്ടു കണ്ണും നിറഞ്ഞു പോയി.
പിന്നീടൊരിക്കല്‍ .,
'കരളും' ഹൃദയവും ' സംസ്കൃതമാണെന്ന്
പറഞ്ഞു പഠിപ്പിച്ച സാറിനോട്
എനിക്കെന്തോ വെറുപ്പായിരുന്നു.